ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി

ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പേസർ യാഷ് ദയാലിനെതിരെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതി പരാതി നൽകിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിലാണ് യുവതി പരാതി സമർപ്പിച്ചത്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
യാഷ് ദയാലുമായി അഞ്ചു വർഷമായി അടുപ്പമുണ്ടായിരുന്നെന്ന് യുവതി വെളിപ്പെടുത്തുന്നു. മാനസികമായും ശാരീരികമായും യാഷ് ദയാൽ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം പണം തട്ടിയെടുത്തെന്നും ഒരുപാടു പെൺകുട്ടികളെ ഇങ്ങനെ പറ്റിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. തെളിവായി ചാറ്റ് സ്ക്രീൻഷോട്ടുകൾ, വിഡിയോ കോൾ രേഖകൾ എന്നിവ തന്റെ കൈവശമുണ്ടെന്നാണു യുവതി പരാതിയിൽ പറയുന്നു.











